ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടാകുന്ന താരമായി ആഞ്ചലോ മാത്യൂസ്
- IndiaGlitz, [Tuesday,November 07 2023] Sports News
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈംഡ് ഔട്ടാകുന്ന ആദ്യ താരമായി ശ്രീലങ്കൻ വെറ്ററൻ ആഞ്ചലോ മാത്യൂസ്. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തിനിടെയാണ് അത്യപൂർവമായ സംഭവം നടന്നത്. ക്രീസിലെത്തിയ മാത്യൂസ് നിയമപരമായി അനുവദിക്കപ്പട്ട മൂന്ന് മിനിറ്റിനകം സ്ട്രൈക്ക് നേരിട്ടില്ലെന്ന കാരണത്തിൻ്റെ പേരിലാണ് ടൈംഡ് ഔട്ടായി പ്രഖ്യാപിച്ചത്. ശ്രീലങ്കൻ ഇന്നിംഗ്സിൽ ഷാക്കിബ് അൽ ഹസൻ എറിഞ്ഞ 25ആം ഓവറിലായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.
ഓവറിലെ രണ്ടാം പന്തിൽ മഹ്മൂദുള്ളയ്ക്ക് പിടികൊടുത്ത് സമരവിക്രമ പുറത്തായതോടെ മാത്യൂസ് കളത്തിലെത്തി. മത്സരത്തിൽ ആറാമനായി ഇറങ്ങിയ മാത്യൂസ് പന്ത് നേരിടും മുൻപ് ഹെൽമറ്റ് മാറ്റാനായി ആവശ്യപ്പെട്ടു. ഹെൽമറ്റിൻ്റെ സ്ട്രാപ്പ് പൊട്ടിയതുമൂലമാണ് ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടത്. പുതിയ ഹെൽമറ്റുമായി സഹതാരം ഗ്രൗണ്ടിലെത്തിയപ്പോഴേക്കും ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസ്സൻ ടൈംഡ് ഔട്ടിനായി അപ്പീൽ ചെയ്തു. ഷാക്കിബിൻ്റെ അപ്പീൽ അംഗീകരിച്ച അംപയർ ഔട്ട് വിധിക്കുകയും ചെയ്തു. പിന്നീട് മാത്യൂസ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ നായകന് ഷാകിബ് തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇതോടെ ഒരു അധ്വാനവും ഇല്ലാതെ ബംഗ്ലാദേശിനു ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റും കിട്ടി.