ഷാഫി പറമ്പിലിനെതിരായ പരാമർശം പിൻവലിച്ച് എഎൻ ഷംസീർ
- IndiaGlitz, [Monday,March 20 2023]
ഷാഫി പറമ്പിൽ എംഎൽഎ ക്കെതിരെയുള്ള പരാമർശം സഭാരേഖകളിൽ നിന്ന് സ്പീക്കർ എ എൻ ഷംസീർ പിൻവലിച്ചു. ബ്രഹ്മപുരം വിഷയത്തിൽ പ്രതിഷേധിക്കുന്നതിനിടെ, ഇതെല്ലം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ പരാജയപ്പെടുമെന്നുമായിരുന്നു സ്‌പീക്കർ പറഞ്ഞത്. എന്നാൽ ബോധപൂർവ്വമല്ലാതെ നടത്തിയ ആ പരാമർശം അനുചിതമെന്ന് മനസ്സിലാക്കിയതിനാൽ അത് പിൻവലിക്കുന്നു എന്ന് സ്പീക്കർ ഇന്ന് വ്യക്തമാക്കി. അനുചിതമായ പരാമർശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നുവെന്നും പരാമർശം സഭാരേഖകളിൽ നിന്ന് പിൻവലിക്കുമെന്നും എഎൻ ഷംസീർ അറിയിച്ചിരുന്നു. അതനുസരിച്ചാണ് പതിനഞ്ചോടു കൂടി സഭ വീണ്ടും സമ്മേളിച്ചപ്പോൾ റൂളിങ് നടത്താൻ സ്പീക്കർ തയ്യാറായത്. ഈ റൂളിങ്ങിൽ ഷാഫി പറമ്പിൽ ഇനി പാലക്കാട് ജയിക്കില്ല, തോൽക്കും എന്ന് മൂന്നുവട്ടം സ്പീക്കർ പരാമർശിച്ചിരുന്നു. ബ്രഹ്മപുരം മാലിന്യ വിഷയത്തിൽ പ്രതിഷേധിച്ച കൊച്ചി കോർപറേഷനിലെ യുഡിഎഫ് കൗൺസിലർമാരെ പൊലീസ് മർദിച്ച സംഭവത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോഴാണ് സ്പീക്കർ പ്രതിപക്ഷാംഗങ്ങളെ രൂക്ഷമായി വിമർശിച്ചത്.