കെ ബി ഗണേഷ് കുമാറിൻ്റെ മന്ത്രിസഭ പ്രവേശനത്തിൽ അവ്യക്തത
- IndiaGlitz, [Wednesday,July 12 2023]
സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കെ ബി ഗണേഷ് കുമാറിൻ്റെ മന്ത്രിസഭ പ്രവേശനത്തില്‍ ആശയക്കുഴപ്പം. നിലവില്‍ മന്ത്രിസഭയിലെ ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജുവിന് പകരം കേരള കോണ്‍ഗ്രസ് ബിയുടെ ഗണേഷ് കുമാറും ഐഎന്‍എല്‍ പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിന് പകരം കോണ്‍ഗ്രസ് എസിൻ്റെ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകും എന്നുമായിരുന്നു ധാരണ. എന്നാൽ പത്തനാപുരത്തിന്‍റെ പേരിലും അല്ലാതെയും കുറേ നാളായി ഭരണപക്ഷവുമായി വലിയ സുഖത്തിൽ ആയിരുന്നില്ല ഗണേഷ് കുമാർ. ലഭ്യമാകുന്ന അവസരങ്ങളിലൊക്കെയും സര്‍ക്കാറിനെതിരെ സംസാരിക്കുന്ന ഗണേഷിനോട് മുഖ്യമന്ത്രിയും നീരസത്തിലാണ് എന്നാണ് വിവരം.
പത്തനാപുരത്തെ വീട്ടമ്മക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ ഡോക്ടര്‍മാര്‍ വീഴ്ച വരുത്തിയ സംഭവം നിയമസഭയില്‍ ഉന്നയിച്ചത് വിവാദമായിരുന്നു. കൊട്ടാരക്കര ആശുപത്രിയില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ കുത്തേറ്റ് ഡോ.വന്ദനദാസ് മരിച്ച സംഭവത്തിലും ആരോഗ്യ വകുപ്പിന്‍റെയും ആഭ്യന്തര വകുപ്പിന്‍റെയും കെടുകാര്യസ്ഥതക്കെതിരെ ഗണേഷ് കുമാർ ആഞ്ഞടിച്ചിരുന്നു. ഗണേഷ് കുമാറിൻ്റെ കുടുംബ സ്വത്ത് സംബന്ധിച്ച സഹോദരിയുമായുള്ള തര്‍ക്കമാണ് ആദ്യ ടേം മന്ത്രിസ്ഥാനം ലഭിക്കാത്തതിന് കാരണം. ഈ കേസ് കോടതിയിലാണ്. അതിന്‍റെ പേരു പറഞ്ഞാകും ഇക്കുറിയും മന്ത്രി സ്ഥാനം നിഷേധിക്കുക. അതേസമയം അധികാരത്തിനായി കടിച്ചു തൂങ്ങാനോ മറ്റാര്‍ക്കെങ്കിലുമൊക്കെ വേണ്ടി വായ്ത്താരി പാടാനോ ഇല്ല, മന്ത്രിസ്ഥാനം തന്നാല്‍ സ്വീകരിക്കും, ഇല്ലെങ്കിലും കുഴപ്പമില്ല എന്നാണ് ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്.