മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ഞാനാണോ: ശ്രീനാഥ് ഭാസി
- IndiaGlitz, [Wednesday,August 16 2023]
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗമടക്കം നിരവധി കേസുകളിൽ ആരോപണ വിധേയനായി നിൽക്കുന്ന താരമാണ് ശ്രീനാഥ് ഭാസി. കൊറോണ ധവാൻ എന്ന തൻ്റെ പുതിയ സിനിമയുടെ പ്രമോഷൻ വേളയിൽ ശ്രീനാഥ് ഭാസി തന്നെ കുറിച്ചുള്ള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു. ഞാൻ മോശക്കാരൻ ആണെന്ന് പറയുന്നവർ എന്നെ ചതിച്ചവരാണ്. സിനിമയിൽ താൻ ഒരുപാട് തവണ പറ്റിക്കപ്പെട്ടിട്ടുണ്ട്. നിങ്ങളെ പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. ജോലിയുടെ കൂലി തരാതെ പറ്റിക്കുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ എന്നും ശ്രീനാഥ് ഭാസി ചോദിക്കുന്നു.
അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനുപ്പുറത്ത് ഞാനൊരു സാധാരണ മനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നില്‍ നിന്നും പ്രതീക്ഷിക്കാം. എനിക്ക് എതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശ സമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്ക്കും അറിയാമെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അവര്‍ കഴിക്കുന്ന മദ്യം ലഹരി അല്ലേ? മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്നും ശ്രീനാഥ് ഭാസി തുറന്ന് പറയുന്നു. തന്നെ മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത് എന്ന് ശ്രീനാഥ് ഭാസി പറയുന്നു.