ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം: പ്രകാശ് കാരാട്ട്
- IndiaGlitz, [Friday,May 19 2023]
മോദി ഭരണത്തിൽ ഭരണ ഘടനയും ജനാധിപത്യവും അപകടത്തിൽ ആണെന്ന് പ്രകാശ് കാരാട്ട്. ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്ന ധാരണയാണ് കർണാടകയിലെ വിജയത്തോടെ തിരുത്തിയത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് നിലനിൽപ്പില്ല എന്നാണ് കർണാടക തെളിയിക്കുന്നത് എന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിൽ മുഖ്യ ശത്രുവായി സിപിഐഎമ്മിനെ കാണുന്നു, അക്കാരണത്താലാണ് നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെയും തെലങ്കാന മുഖ്യമന്ത്രിയെയും ക്ഷണിക്കാത്തതെന്ന് കാരാട്ട് കൂട്ടിച്ചേർത്തു. എന്നാൽ സത്യ പ്രതിജ്ഞാ ചടങ്ങിൽ സീതാറാം യെച്ചൂരി പങ്കെടുക്കുമെന്നും പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് തിരിച്ചറിയിക്കാനാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരായ കൂട്ടുകെട്ടുകൾ ഉണ്ടാക്കണം. കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഈ ഐക്യത്തിന് ഗുണപരമല്ലെന്നും കാരാട്ട് കൂട്ടിച്ചേർത്തു. കണ്ണൂർ നായനാർ അക്കാദമിയിൽ ഇ.കെ. നായനാർ അനുസ്മരണ പ്രഭാഷണം നിർവഹിക്കുകയായിരുന്നു കാരാട്ട്.