ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന ആരോപണം: മറുപടിയുമായി പ്രകാശ് രാജ്
- IndiaGlitz, [Tuesday,August 22 2023]
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. എക്‌സിലൂടെയാണ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പ്രകാശ് രാജ് മറുപടി പറഞ്ഞത്. പുതിയ വാർത്ത: ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത് എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമായിരുന്നു പ്രകാശ് രാജ് ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ചന്ദ്രനിലും മലയാളി ചായ അടിക്കുന്നുണ്ടാകും എന്ന തമാശയാണ് താനുദ്ദേശിച്ചതെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ (എക്സ്) കുറിച്ചു.
വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു. വിമർശിക്കുന്നവർ ഏത് 'ചായ് വാല'യെയാണ് കണ്ടതെന്ന് തനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ലെങ്കിൽ നിങ്ങൾ തന്നെ ഒരു തമാശയാണെന്നും പ്രകാശ് രാജ് കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തനായ വിമർശകനാണ് പ്രകാശ് രാജ്. ചെറുപ്പത്തിൽ ചായ വിറ്റിട്ടുണ്ടെന്ന മോദിയുടെ പരാമർശമാണ് പ്രകാശ് രാജിന്റെ പോസ്റ്റിനാധാരം എന്ന മട്ടിൽ വൻ വിമർശനം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. അതേ സമയം രാജ്യത്തിൻ്റെ അഭിമാനമായ ചന്ദ്രയാൻ 3 രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും.