തേജസ്വി സൂര്യക്കെതിരെ ആരോപണം

  • IndiaGlitz, [Wednesday,January 18 2023]

ചെന്നൈ തിരുച്ചറപ്പള്ളി ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് ബിജെപി കർണാടക എംപിയും യുവമോർച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയാണെന്ന വിവാദത്തിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. തേജസ്വ സൂര്യയുടെ പ്രവൃത്തി നിരുത്തരവാദപരമായിരുന്നെന്നും ജനങ്ങളുടെ ജീവൻ വച്ചാണ് കളിച്ചതെന്നും കോൺഗ്രസ്, ഡിഎംകെ, തൃണമൂൽ കോണ്‍ഗ്രസ് എന്നിവർ പ്രതികരിച്ചു.

ഡിസംബർ 10ന് ചെന്നൈയിൽ നിന്നു തൃച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൻ്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. ബിജെപിയുടെ യുവനേതാവും എംപിയുമായ തേജസ്വി സൂര്യയാണു വാതിൽ തുറന്നതെന്ന വെളിപ്പെടുത്തലുമായി സഹയാത്രികർ രംഗത്തു വന്നതോടെയാണു സംഭവം പുറത്തെത്തിയത്. യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അപകടമുണ്ടായാൽ അടിയന്തരവാതിൽ തുറക്കേണ്ടത് എങ്ങനെയാണെന്നതിനെക്കുറിച്ച് എയർ ഹോസ്റ്റസ് വിശദീകരിച്ചു കഴിഞ്ഞപ്പോൾ അടിയന്തരവാതിലിൻ്റെ സമീപമിരുന്ന തേജസ്വി സൂര്യ അത് തുറന്നു എന്നാണ് ആരോപണം. ഉടൻതന്നെ യാത്രക്കാരെയെല്ലാം പുറത്തുള്ള ബസ്സിലേക്ക് മാറ്റി സുരക്ഷാ ഭടൻമാർ പരിശോധന നടത്തി. രണ്ടുമണിക്കൂർ കഴിഞ്ഞാണ് വിമാനം സുരക്ഷിതമെന്ന് ഉറപ്പുവരുത്തി യാത്ര തുടങ്ങിയത്. വാതിൽ തുറന്ന യാത്രക്കാരൻ്റെ പേരുവിവരം ഡി.ജി.സി.എ.യോ ഇൻഡിഗോ അധികൃതരോ പുറത്തുവിട്ടില്ല. ഇതു സംബന്ധിച്ച് മാധ്യമ പ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തേജസ്വി സൂര്യ തയ്യാറായതുമില്ല.