മാസപ്പടി വിവാദം: മാത്യുകുഴല്‍ നാടനെ വിമർശിച്ച് എ കെ ബാലന്‍
- IndiaGlitz, [Monday,October 23 2023]
മാസപ്പടി വിവാദത്തിൽ മാത്യുകുഴല്‍ നാടൻ മലക്കം മറിയുന്നു എന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എ കെ ബാലന്‍. മാത്യുകുഴല്‍ നാടന്‍റെ ഈ മലക്കം മറിച്ചില്‍ പൊതുജനം കാണുന്നുണ്ടെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
നികുതി അടച്ചിട്ടില്ലെന്ന് പറയേണ്ടത് ജിഎസ്‌ടി വകുപ്പല്ലേ. അവരല്ലെ പറഞ്ഞത് എക്സാലോജിക് നികുതി അടച്ചുവെന്ന്. മാത്യു കുഴല്‍നാടന് എന്തും പറയാമല്ലോ, വീണ എന്തിന് മാത്യുവിന് വിശദീകരണം നല്‍കണം. 1.72 രണ്ട് കോടി രൂപയ്ക്ക് ജിഎസ്‌ടി അടച്ചിട്ടില്ലെന്നും പണം മാസപ്പടിയാണെന്നും ആയിരുന്നു ആരോപണം. നികുതി വകുപ്പിന്‍റെ രേഖ പുറത്തു വന്നതോടെ ആരോപണം ഒന്നുമല്ലാതായിരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. മാത്യു കുഴൽനാടന് ആവശ്യമെങ്കിൽ കോടതിയിൽ പോകാം. കുഴൽനാടൻ ഓരോ ദിവസവും കള്ള പ്രചാരണം നടത്തി കൊണ്ടിരിക്കുന്നു. അനാവശ്യമായി മുഖ്യമന്ത്രിയുടെ പേര് ഇതിൽ വലിച്ചിഴക്കുന്നു. കുറ്റബോധം കൊണ്ട് തലതാഴ്ത്തി മുഖ്യമന്ത്രിയോടും കുടുംബത്തോടും കുഴൽനാടൻ മാപ്പ് പറയുന്നതിന് പകരം വീണിടം വിദ്യയാക്കുകയാണ്. ഐ ജി എസ് ടി അടച്ചിട്ടുണ്ട് എന്ന് ജി എസ് ടി കമ്മീഷണർ രേഖാമൂലം ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. വീണ വിജയൻ്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 1.72 കോടിക്ക് ഐജിഎസ്ടി അടച്ചു എന്നായിരുന്നു ധനവകുപ്പ് റിപ്പോർട്ട്. നികുതി അടച്ചില്ലെന്നു പറഞ്ഞ മാത്യു മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യം.