അനിൽ ആൻ്റണിയുടെ തീരുമാനം ഏറെ ദു:ഖകരമെന്ന് എ.കെ ആൻ്റണി
- IndiaGlitz, [Friday,April 07 2023]
മകന് അനില്‍ ആൻ്റണി ബിജെപിയിൽ ചേർന്നത് ഏറെ വേദനിപ്പിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആൻ്റണി. തികച്ചും തെറ്റായ തീരുമാനമാണ് മകൻ എടുത്തതെന്നും ആൻ്റണി വികാരാധീനനായി പറഞ്ഞു. താൻ എന്നും നെഹ്രു കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ എകെ ആൻ്റണി അവസാന ശ്വാസം വരെ ബിജെപിയുടെ വിനാശകരമായ നയത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും പറഞ്ഞു. രാജ്യത്തിൻ്റെ ആണിക്കല്ല് ബഹുസ്വരതയും മതേതരത്വവുമാണ്. എന്നാൽ 2019 ന് ശേഷം എല്ലാ മേഖലയിലും ബിജെപി ഏകത്വം അടിച്ചേൽപ്പിക്കുകയാണ്. മകൻ്റെ ബിജെപി പ്രവേശനം ആപത്കരമായ തീരുമാനമാണ്. അനിലുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഒരു ചോദ്യോത്തരത്തിനും ഇനിയില്ലെന്നും വികാരാധീനനായി ആൻ്റണി പറഞ്ഞു.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തിനു മുന്നിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ബി.ജെ.പിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം ദുഃഖകരമാണെന്നും അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും സഹോദരൻ അജിത് ആൻ്റണി പറഞ്ഞു. എ.കെ. ആന്റണിയെ ഇത്രയും ദുർബലനായി ഇതുവരെ കണ്ടിട്ടില്ലെന്നും അജിത് കൂട്ടിച്ചേർത്തു. ബി.ജെ.പി യിലേക്കുള്ള മാറ്റം കുടുംബത്തെ ആകെ ഞെട്ടിച്ചു. വിവരം അറിഞ്ഞതു മുതൽ പപ്പ വളരെ സങ്കടത്തിലാണ്. അനിൽ പാർട്ടിയുമായി പിണങ്ങിനിൽക്കും എന്നെ കരുതിയുള്ളു. താൻ സജീവ കോൺഗ്രസുകാരനായി പ്രവർത്തിക്കുമെന്നും അജിത് വ്യക്തമാക്കി.