എ.ഐ ക്യാമറ: പിന്നിൽ വൻ അഴിമതിയെന്ന് വി.ഡി സതീശൻ
- IndiaGlitz, [Monday,April 24 2023]
എ.ഐ ക്യാമറ വിഷയത്തില്‍ കെൽട്രോണ്‍ നല്കിയ മറുപടി അവ്യക്തമാണെന്നും മന്ത്രിസഭാംഗങ്ങൾക്ക് പോലും കരാർ കമ്പനികളെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കുറ്റപ്പെടുത്തി. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്കുകമ്പനികളാണ് എ ഐ ക്യാമറക്കും, കെ ഫോണിനും പിന്നിൽ. ഊരാളുങ്കൽ സൊസൈറ്റിയുമായി ഇവർക്ക് ബന്ധമുണ്ടെന്നും എല്ലാ പണവും പോകുന്നത് ഒരേ പെട്ടിയിലേക്കാണെന്നും സതീശൻ ആരോപിച്ചു.
ക്യാമറകൾക്ക് ടെൻഡർ വിലയുടെ പകുതി പോലും വിപണിയിൽ വില ഇല്ല എന്നും പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള കൊടിയ അഴിമതിയാണ് നടക്കുന്നത്. ഇതിന്റെ പകുതി വിലക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരണ്ടിയോടു കൂടിയ എ ഐ ക്യാമറ ലഭ്യമാണ്. ഈ സാഹചര്യത്തില്‍ നടന്നിരിക്കുന്ന ഇടപാടുകളെ കുറിച്ച് കൃത്യമായ മറുപടി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുടെ എല്ലാ ഘട്ടത്തിലും അഴിമതി നടന്നിട്ടുണ്ട് എന്നും കരാർ നൽകിയത് വഴിവിട്ട രീതിയിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ താനും നേരത്തെ ചെന്നിത്തലയും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.