എ ഐ ക്യാമറ: നിയമ ലംഘനങ്ങള്‍ക്ക് ജൂണ്‍ 5 മുതല്‍ പിഴ
- IndiaGlitz, [Thursday,May 11 2023]
എ ഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂണ്‍ നാലുവരെ നീട്ടാൻ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിലെ തീരുമാന പ്രകാരം ജൂണ്‍ അഞ്ച് മുതൽ പിഴ ഈടാക്കും. ഇതിനായി സർക്കാർ ഉത്തരവ് ഇറക്കും. ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. റോഡിൽ ക്യാമറ വെച്ചതിന് ശേഷമുള്ള നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കുക.
നിയമ ലംഘനങ്ങൾക്ക് മെയ് 5 മുതൽ ബോധവത്കരണ നോട്ടീസ് നൽകിയിരുന്നു. പലതവണ ഗതാഗത നിയമലംഘനം നടത്തുന്നവർക്കാണ് നോട്ടീസ് ആദ്യം അയയ്ക്കുന്നത്. ഒരു മാസം ഇത് തുടരും. കെൽട്രോൺ ഉപകരാറുകളിൽ വ്യവസായ വകുപ്പ് സെക്രട്ടറി നടത്തുന്ന പരിശോധന നിർണായകമാണ്. ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ ക്യാമറ പദ്ധതിയുമായി മുന്നോട്ടു പോകാൻ മോട്ടോർ വാഹന വകുപ്പ് സജ്ജമാകും. കെൽട്രോണുമായി സമഗ്ര കരാറിൽ ഏർപ്പെടാൻ മൂന്നു മാസം വേണ്ടി വരുമെന്നും ഉന്നത തലയോഗം വിലയിരുത്തി. ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടു പോകുന്നതിന് ഇളവ് നല്‍കുന്നതില്‍ നിയമോപദേശം തേടാനും തീരുമാനമായി.