എഐ ക്യാമറ: 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൽക്കാലം പിഴ ഈടാക്കില്ല

  • IndiaGlitz, [Wednesday,May 24 2023]

സംസ്ഥാനത്ത് പുതുതായി സ്ഥാപിച്ച 732 എഐ ട്രാഫിക് ക്യാമറകള്‍ വഴി ജൂൺ മാസം അഞ്ചു മുതൽ പിഴയീടാക്കാൻ തീരുമാനം. ഗതാഗത മന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നേരത്തെ ഈ മാസം 20 മുതൽ പിഴ ഈടാക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത് വീണ്ടും നീട്ടുകയായിരുന്നു. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഇക്കാര്യത്തിൽ മോട്ടോർ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തോട് ആവശ്യപെട്ട് കത്തയച്ചിട്ടുണ്ട്.

പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയേക്കൂടി വാഹനത്തില്‍ കൊണ്ടു പോകാന്‍ ഇളവ് വേണമെന്നാണ് ആവശ്യം. ഇരുചക്ര വാഹനത്തില്‍ മൂന്നാമനായി പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുണ്ടെങ്കില്‍ അത് നിയമ ലംഘനമായി കണക്കാക്കാത്ത തരത്തില്‍ കേന്ദ്ര നിയമത്തില്‍ ഭേദഗതി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴയീടാക്കുകയുള്ളൂ എന്നും പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു.