അക്രമകാരിയായ നായ്‌ക്കളെ കൊല്ലണം: മന്ത്രി എംബി രാജേഷ്

  • IndiaGlitz, [Friday,June 23 2023]

സംസ്ഥാനത്ത് തെരുവ് നായ ഭീഷണി സാഹചര്യം ​ഗുരുതരമാണെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിൻ ഉണ്ടെന്നും നിലവിൽ 20 എബിസി കേന്ദ്രങ്ങളാണ് ഉള്ളതെന്നും മന്ത്രി അറിയിച്ചു. 25 കേന്ദ്രങ്ങൾ കൂടി ഉടൻ പ്രവത്തന സജ്ജമാക്കുമെന്നും മൊബൈൽ എബിസി കേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ എബിസി നിയമം തെരുവ് നായ നിയന്ത്രണം അസാധ്യമാക്കുന്നതാണെന്നും ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ചട്ടങ്ങൾ ഭേദ​ഗതി ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾക്കായി കോടതിയെ സമീപിക്കും. അക്രമകാരിയായ തെരുവ് നായകളെ കൊല്ലണം എന്ന ആവശ്യവും കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സിപിഎമ്മിൻ്റെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി ഉണ്ടായിരുന്നു. മൃഗസ്‌നേഹികള്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ തെരുവ് നായ ഭീഷണി ഗുരുതരമാണെന്നുള്ള മന്ത്രിയുടെ തുറന്നു പറച്ചില്‍. ജൂണ്‍ 11 ന് കണ്ണൂരില്‍ 11 വയസ്സുള്ള ഓട്ടിസം ബാധിച്ച കുട്ടിയെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് കടിച്ചുകീറി കൊന്നതിന് തൊട്ടുപിന്നാലെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയെ സമീപിച്ച് തെരുവുനായ്ക്കളെ വധിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.