അഡ്വക്കേറ്റ് സൈബി ജോസ് രാജിവെച്ചു
- IndiaGlitz, [Wednesday,February 08 2023]
അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് അഡ്വ. സൈബി ജോസ് രാജിവച്ചു. രാജിക്കത്ത് അസോസിയേഷന്‍ സെക്രട്ടറിക്ക് കൈമാറി. തനിക്കെതിരായ കേസിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും രാജി കത്തിൽ സെെബി പറയുന്നു. ജഡ്ജിക്ക് നല്‍കാനെന്ന വ്യാജേന സിനിമാ നിർമ്മാതാവില്‍ നിന്ന് കോഴ വാങ്ങിയ സംഭവത്തില്‍ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തലാണുള്ളത്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലന്‍സ് കണ്ടെത്തിയത്. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകിയിരുന്നു. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമ്മാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്. 15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞു എന്നാണ് മൊഴി.