ആദിത്യ എല്‍1 വിജയകരമായി വിക്ഷേപിച്ചു

  • IndiaGlitz, [Saturday,September 02 2023]

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്പേസ് ഒബ്സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് 11.50 ന് പിഎസ്എല്‍വി സി 57 റോക്കറ്റിലേറിയായിരുന്നു ആദിത്യ എല്‍-1 ന്റെ വിക്ഷേപണം. സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ ഉൾപ്പടെ സൂര്യനെ കുറിച്ചുള്ള വിശദ പഠനമാണ് ദൗത്യത്തിലുടെ ലക്ഷ്യമിടുന്നത്.

പി എസ് എൽ വി സി 57 ആദിത്യ എൽ 1 ഉപഗ്രഹത്തെ റോക്കറ്റിൽ ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ എത്തിക്കും. ഇവിടെ 16 ദിവസം തുടരുന്ന ഉപഗ്രഹത്തിൻ്റെ ഭ്രമണ പഥം അഞ്ച് തവണയായി ഉയർത്തുകയും ലക്ഷ്യസ്ഥാനത്തേക്കുള്ള സഞ്ചാര വേഗം കൈവരിക്കുകയും ചെയ്യും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ലാഗ്രാഞ്ച് പോയന്റ് 1 (എൽ 1) ലാണ് ഉപഗ്രഹത്തെ എത്തിക്കുക. സൂര്യനിലേക്കുള്ള അകലം ഏകദേശം 15 കോടി കിമീ വരും. സൂര്യന് നേരെ തുടർച്ചയായി തിരിഞ്ഞു നിൽക്കാനാകുന്നതിനാൽ ആണ് ഉപഗ്രഹത്തെ എൽ1 പോയിന്റിൽ സ്ഥാപിക്കുന്നത്. അഞ്ചു വർഷവും രണ്ടു മാസവുമാണ് ദൗത്യത്തിൻ്റെ കാലാവധി. സൂര്യൻ്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതൽ വിവരങ്ങൾ ആദിത്യയിലൂടെ മനസിലാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ. ചന്ദ്രനെ തൊട്ട് പത്ത് നാൾ തികയും മുമ്പാണ് ഐ എസ് ആർ ഒ മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുന്നത്.