ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ദൗത്യം വിജയകരം
- IndiaGlitz, [Tuesday,September 19 2023]
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യ സ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. 110 ദിവസം നീണ്ട യാത്രക്ക് ശേഷമാവും ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ചിയൻ 1 പോയിന്റിൽ പേടകത്തെ സ്ഥാപിക്കുക.
തുടർച്ചയായ അഞ്ചാം തവണയാണ് ഐഎസ്ആർഒ ഒരു ഭ്രമണപഥത്തിൽ നിന്ന് ഒരു വസ്തുവിനെ മറ്റൊരു ആകാശ ഗോളത്തിലേക്കോ ബഹിരാകാശത്തെ സ്ഥലത്തേക്കോ വിജയകരമായി മാറ്റുന്നത്. അതേസമയം, ഭൂമിക്കു ചുറ്റുമുള്ള കണികകളുടെ (പാർട്ടിക്കിൾ) സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ഐഎസ്ആർഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് അമ്പതിനായിരം കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള സുപ്രാ തെര്‍മല്‍ എനര്‍ജറ്റിക് അയോണുകള്‍, ഇലക്ട്രോണുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സൗരവാതത്തിൻ്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താൻ ഈ വിവരങ്ങൾ ഉപയോഗിക്കും.