ആദിത്യ എല്‍ വണ്‍; നാലാം ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം
- IndiaGlitz, [Friday,September 15 2023]
സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐഎസ്ആര്‍ഒ ദൗത്യം ആദിത്യ എല്‍ വണ്‍ നാലാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമായതായി ഐഎസ്ആര്‍ഒ അറിയിച്ചു. പുലർച്ചെ രണ്ടു മണിയോടെയാണ് നാലാം ഭ്രമണപഥം ഉയർത്തൽ നടന്നത്. ഭൂമിക്കു ചുറ്റുമുള്ള അവസാന ഭ്രമണപഥ ഉയർത്തലാണ് പൂർത്തിയാക്കിയത്. ആദിത്യ എല്‍ വണ്ണിന് വേണ്ടി ഫിജി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്‍സ്‍പോര്‍ട്ടബള്‍ ടെര്‍മിനലായിരിക്കും 'പോസ്റ്റ് ബേണ്‍' പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
സൂര്യനിലെ കാലാവസ്ഥ, വിവിധ മണ്ഡലങ്ങള്‍, സൗര വാതങ്ങളും അവയുടെ രൂപീകരണവും കൊറോണല്‍ മാസ് ഇജക്ഷന്‍, സൗര ജ്വാലകളുടെ സ്വഭാവവും സഞ്ചാരവും തുടങ്ങിയവയെല്ലാം ഇവ പഠിക്കും. ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിൻ്റെ ഭ്രമണപഥം ഉയര്‍ത്തിയത്. ആദ്യം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും പിന്നീട് സെപ്റ്റംബര്‍ അഞ്ചാം തീയ്യതിയും മൂന്നാം തവണ സെപ്തംബര്‍ 10നും ഭ്രമണപഥം ഉയര്‍ത്തി. നാലാം തവണ ഭ്രമണപഥം ഉയര്‍ത്തല്‍ പൂര്‍ത്തിയായതിന് ശേഷം പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍ വണ്‍ വിക്ഷേപിച്ചത്.