ചലച്ചിത്ര വികസന കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതിയെ ഒഴിവാക്കി

  • IndiaGlitz, [Monday,August 14 2023]

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ (കെഎസ്എഫ്‍ഡിസി) ഡയറക്ടർ ബോർഡിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ഒഴിവാക്കണമെന്ന പാർവതി തിരുവോത്തിൻ്റെ അഭ്യർത്ഥന പ്രകാരമാണ് സർക്കാർ നടപടി. ഭരണ സമിതിയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന കാര്യം സംബന്ധിച്ച് പാർവതി രണ്ടാഴ്ച മുമ്പ് കെ എസ്എഫ്ഡിസിക്ക് മെയിൽ അയച്ചിരുന്നു.

ഭരണ സമിതിയിൽ അംഗമായിരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പാർവതി കാരണം അറിയിച്ചത്. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. മറ്റു ചില അംഗങ്ങളെ മാറ്റി കെ എസ്എഫ്ഡിസി കഴിഞ്ഞ ദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു. സംവിധായകന്‍ ഷാജി എന്‍ കരുണാണ് കെ എസ് എഫ് ഡി സി ചെയര്‍മാന്‍. എന്‍ മായയാണ് മാനേജിങ് ഡയറക്ടര്‍. ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം പുന:സംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാന്‍ പി.സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെ ഉള്‍പ്പെടുത്തി.