നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും ജീവിതത്തിൽ ഒന്നിക്കുന്നു

മഴവില്‍ മനോരമയിലെ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ മത്സരാർഥികളായിരുന്നു നടി മാളവിക കൃഷ്ണദാസും നടൻ തേജസ് ജ്യോതിയും. ഇരുവരും തമ്മിലുള്ള വിവാഹവാർത്ത മാളവിക തൻ്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. തൻ്റെ പെണ്ണുകാണൽ ചടങ്ങിൻ്റെ വിഡിയോ പകർത്തുന്നതിനിടെയാണ് ഭാവിവരനെയും മാളവിക സർപ്രൈസ് ആയി പരിചയപ്പെടുത്തിയത്.

പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ചാണ് വിവാഹം നടത്തുന്നതെന്നും ഇരുവരും പറഞ്ഞു. തങ്ങൾ അങ്ങനെ റിലേഷൻഷിപ്പിൽ ആയിരുന്നില്ല, എന്നാൽ അറിയാവുന്ന ആളെ വിവാഹം കഴിച്ചാൽ നന്നായിരിക്കും എന്ന് തോന്നിയാണ് മാളവികയുടെ അടുത്ത് പ്രപ്പോസലുമായി വന്നത് എന്നും തേജസ് പറഞ്ഞു. ടെലിവിഷനിലും സിനിമയിലുമൊക്കെയായി സജീവമാണ് മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളിലും താരം പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സില്‍ നർത്തകി കൂടിയായ മാളവിക മത്സരിക്കുന്നുണ്ട്.