നടിയെ ആക്രമിച്ച കേസ്: വിചാരണ വൈകാന്‍ കാരണം ദിലീപ് എന്ന് സര്‍ക്കാര്‍

  • IndiaGlitz, [Monday,May 08 2023]

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ജൂലൈ 31ന് മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. വിചാരണ വൈകുന്നത് പ്രതിയായ ദിലീപിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ക്രോസ് വിസ്താരം പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസം കൂടി വേണമെന്നും ദിലീപ് കോടതിയോട് ആവശ്യപ്പെട്ടു. കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദിലീപിന്റെ അഭിഭാഷകര്‍ നീട്ടിക്കൊണ്ടു പോവുകയാണെന്നും സംസ്ഥാനം പറഞ്ഞു. എന്നാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വിചാരണയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും, ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കാൻ തടസ്സം നില്ക്കുന്നു എന്നാണ് ദിലിപിന്റെ പരാതി. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തുകയായിരുന്നു എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആക്ഷേപം.