ഗണേഷ് കുമാറിനെ വിമർശിച്ച് നടൻ വിനായകൻ

  • IndiaGlitz, [Monday,July 24 2023]

നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിനു മറുപടിയുമായി നടൻ വിനായകൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ചു വീഡിയോ പോസ്റ്റ് ചെയ്ത വിനായകനെതിരെ ഗണേഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു. സംസ്കാര ശൂന്യനായ ഒരാള്‍ക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുകയുള്ളു. മദ്യപിച്ചും ലഹരിക്ക് അടിമപ്പെട്ടും വൃത്തികേടുകള്‍ പറയുന്നവരെ നമ്മുടെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തണം. മര്യാദകെട്ട സംസ്കാരമാണ് ഇത്. ജനങ്ങള്‍ ഒരു മനുഷ്യനോട് കാണിക്കുന്ന സ്നേഹത്തെ പുച്ഛിക്കുക. നമ്മുടെ നാട്ടില്‍ എലിയും പൂച്ചയുമൊക്കെയാണ് ചത്തു എന്ന് പറയുക. ഇവിടെ ഒരുത്തന്‍ സ്വന്തം അച്ഛന്‍ ചത്തു എന്ന് പറയുന്നവൻ്റെ സംസ്കാരം എത്ര നിലവാരം കുറഞ്ഞതാണ് എന്നുമാണ് ഗണേഷ് പ്രതികരിച്ചത്.

എന്നാൽ ‘അച്ഛൻ കള്ളൻ ആണെന്നു പറയുന്നതിനേക്കാൾ അന്തസ്സുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതിൽ’ എന്നു തുടങ്ങുന്ന പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു വിനായകൻ്റെ മറുപടി. മാടമ്പി ഗണേശൻ എന്നു പോസ്റ്റിൽ ഗണേഷിനെ വിശേഷിപ്പിക്കുന്നുമുണ്ട്. ഇതിൽ ഗണേഷ് കുമാറിൻ്റെ അച്ഛനും മുന്‍ മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളേക്കുറിച്ചും പറയുന്നുണ്ട്. കൂടാതെ ബാലകൃഷ്ണയെ ഒരു വർഷം തടവിന് ശിക്ഷിച്ച വിധിയേക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ സ്ക്രീൻ ഷോട്ടും വിനായകൻ ഉൾപ്പെടുത്തിയിരുന്നു.