നടൻ പ്രകാശ് രാജിന് വധഭീഷണി; യുട്യൂബ് ചാനലിനെതിരെ കേസെടുത്തു

  • IndiaGlitz, [Thursday,September 21 2023]

സനാതന ധര്‍മ്മത്തെ കുറിച്ചും ജാതി വിവേചനത്തെ കുറിച്ചുമുള്ള ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശങ്ങള്‍ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യക്തികളും സംഘടനകളും ഇതിനോടകം രംഗത്ത് എത്തിയിരുന്നു. എപ്പോ‍ഴും ഇടതുപക്ഷ നിലപാട് ശക്തമായി ഉയര്‍ത്തി പിടിക്കുന്ന പ്രകാശ് രാജ് നിരവധി പേരില്‍ ഒരാളായി സനാതന ധര്‍മ്മത്തെ എതിര്‍ത്ത ഉദയനിധി സ്റ്റാലിനെ അനുകൂലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടനെതിരെ വധഭീഷണി മു‍ഴക്കി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘപരിവാര്‍ അനുകൂല യൂട്യൂബ് ചാനല്‍.

ടി വി വിക്രമ എന്ന കന്നഡ യുട്യൂബ് ചാനലാണ് നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രകാശ് രാജ് പൊലീസില്‍ പരാതി നല്‍കി. നടന്‍റെ പരാതിയില്‍ ബെംഗളൂരു അശോക്‌ നഗർ പൊലീസ് കേസെടുത്തു. ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ പരിപാടി 90,000 പേരോളം കണ്ടു കഴിഞ്ഞു. ഹിന്ദുത്വ അനുകൂല നിലപാടുള്ള യൂട്യൂബ് ചാനലാണ് ടി വി വിക്രമ. ഐപിസി സെക്‌ഷൻ 506, 504, 505 (2) എന്നിവ പ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.