ചിരിയുടെ ബഡാ ദോസ്ത്; നടന് മാമുക്കോയ അന്തരിച്ചു
Send us your feedback to audioarticles@vaarta.com
നടന് മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണം. 24ന് രാത്രി മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ആദ്യം വണ്ടൂരിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലയാള സിനിമയിൽ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടനാണ് അദ്ദേഹം. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കി.
ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് ജനിക്കുന്നത്. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാല്‍ ജ്യേഷ്ഠന്റെ സംരക്ഷണത്തിലാണ് വളര്‍ന്നത്. കോഴിക്കോട് എം. എം. ഹൈസ്കൂളില്‍ പത്താംക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തകനായ മാമുക്കോയ വളരെ സ്വാഭാവികമായി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തുന്നത്. 1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ അദ്ദേഹം അനശ്വരമാക്കി. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവരാണ് മക്കൾ.
Follow us on Google News and stay updated with the latest!
Comments