നടൻ കുണ്ടറ ജോണി അന്തരിച്ചു

  • IndiaGlitz, [Wednesday,October 18 2023]

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ദേയനായ നടന്‍ കുണ്ടറ ജോണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 71 വയസ്സായിരുന്നു. കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കൊല്ലം ചിന്നക്കടയിൽ വച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1979-ല്‍ അഗ്നിപര്‍വ്വതം എന്ന ചലച്ചിത്രത്തിലൂടെ ആണ് അദ്ദേഹം അഭിനയരംഗത്ത് എത്തിയത്. നൂറിലേറെ മലയാള സിനിമകളിൽ അഭിനയിച്ചു. കിരീടം, ചെങ്കോൽ, ആറാം തമ്പുരാൻ, ​ഗോഡ്ഫാദർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിട്ടുണ്ട്. നാടോടിക്കാറ്റിലെ ഗുണ്ടാ കഥാപാത്രത്തിലൂടെ കോമഡി വേഷങ്ങളും വഴങ്ങുമെന്നു തെളിയിച്ചു. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.