സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ച് നടൻ കൃഷ്ണകുമാർ
- IndiaGlitz, [Tuesday,June 27 2023]
ബിജെപി യോഗത്തിൻ്റെ വേദിയില്‍ ഇടം നല്‍കാത്തതിനെ തുടർന്ന് പരിപാടി കഴിയും മുമ്പേ സദസ് വിട്ട് നടന്‍ കൃഷ്ണകുമാർ. കവടിയാർ ഉദയ് പാലസിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പങ്കെടുത്ത തിരുവനന്തപുരം ലോക്സഭാ മണ്ഡലം വിശാല ജനസഭയിൽ വേദിയിൽ ഇടം നല്‍കാത്തതാണ് കൃഷ്ണകുമാറിനെ ചൊടിപ്പിച്ചത്. പരിപാടിക്കെത്തി സദസിലിരുന്ന കൃഷ്ണ കുമാർ, പരിപാടി തീരും മുൻപു തന്നെ മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപി സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയത്.
തർക്കങ്ങളുണ്ടെങ്കിലും ബിജെപി വിടുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ ഫോണിൽ വിളിച്ചാൽ കിട്ടാറില്ല. പാർട്ടി നേതൃത്വവുമായുള്ള ആശയവിനിമയം വേണ്ട തോതിൽ നടക്കുന്നില്ല. നേതാക്കൾക്ക് അവരുടേതായ തിരക്കുകളുള്ളതു കൊണ്ടാകും തന്നേപ്പോലുള്ളവർ വിളിച്ചാൽ കിട്ടാത്തതെന്നും കൃഷ്ണകുമാർ പറഞ്ഞു. സമീപകാലത്ത് പാർട്ടിയിൽ നിന്ന് ചലച്ചിത്ര രംഗത്തെ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായതിന് പിന്നാലെയാണ് നടൻ കൃഷ്ണ കുമാർ സംസ്ഥാന ബിജെപി നേതൃത്വത്തോട് അതൃപ്തി അറിയിച്ചത്. ബിജെപിയിൽ കലാകാരൻമാർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന വിമർശനവുമായി സംവിധായകരായ രാജസേനൻ, രാമസിംഹൻ (അലി അക്ബർ), നടൻ ഭീമൻ രഘു എന്നിവർ അടുത്തിടെ പലപ്പോഴായി പാർട്ടി വിട്ടിരുന്നു.