നടൻ കൈലാസ് നാഥൻ അന്തരിച്ചു; സംസ്കാരം ഇന്ന് ഉച്ചക്ക്
- IndiaGlitz, [Friday,August 04 2023]
അന്തരിച്ച സിനിമ സീരിയല്‍ താരം കൈലാസ് നാഥനെ ഇന്നു രാവിലെ തിരുവനന്തപുരം വലിയവിള നീലമന വീട്ടിൽ എത്തിക്കും. സംസ്‌കാരം ഉച്ചക്ക് രണ്ടിന് കരമന ബ്രാഹ്മണസഭ ശ്മശാനത്തിൽ നടക്കും. 65 വയസ്സ് ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആയിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിൽ ആയിരുന്ന അദ്ദേഹം കുറച്ചു കാലമായി അഭിനയത്തിൽ സജീവമായിരുന്നില്ല. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്. സീരിയലുകളിലൂടെ ആണ് അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചിതമാകുന്നത്. സീരിയലിൽ തിരക്കേറിയതോടെ സിനിമയിൽനിന്ന് ഇടവേള എടുക്കുകയായിരുന്നു കൈലാസ് നാഥ്.
ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം മലയാളത്തില്‍ ‘ഇതു നല്ല തമാശ’ എന്ന സിനിമ സംവിധാനം ചെയ്തു. ’സംഗമം’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒരു കാലത്ത് തമിഴ് സിനിമാ രംഗത്ത് താരമൂല്യമുള്ള നടനായിരുന്നു അദ്ദേഹം. 'ഒരു തലൈ രാഗം' എന്ന തമിഴ് ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തി. ചിത്രം തമിഴകത്തെ ബമ്പർ ഹിറ്റായി മാറി. 'പാലവനൈ ചോല' എന്ന ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴിൽ തൊണ്ണൂറിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു. സേതുരാമയ്യര്‍ സിബിഐ, സ്വന്തമെന്ന പദം, ഇരട്ടി മധുരം, ശ്രീനാരായണ ഗുരു എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ടു. മിന്നുകെട്ട്, എൻ്റെ മാനസപുത്രി, പ്രണയം, മനസറിയാതെ തുടങ്ങി നിരവധി സീരിയലുകളിലും വേഷമിട്ടു. ഭാര്യ: അജിത, മകൾ: ധന്യ, മരുമകൻ: ശ്രീകാന്ത്.