വിജയറൺ കുറിച്ച ശേഷം ലഖ്നൗ താരം ആവേശ് ഖാൻ നടത്തിയ അതിരുകവിഞ്ഞ ആഹ്ലാദ പ്രകടനത്തിനെതിരെ ബി.സി.സി.ഐ നടപടിയെടുത്തു. ഹെൽമെറ്റ് ഗ്രൗണ്ടിലേക്ക് എറിഞ്ഞായിരുന്നു ആവേശ് വിജയാഹ്ലാദം നടത്തിയത്. ഇത് ഐ.പി.എൽ പെരുമാറ്റച്ചട്ടത്തിലെ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു. പിഴയും വിലക്കുമടക്കമുള്ള ശിക്ഷകൾ താരം ഏറ്റു വാങ്ങേണ്ടി വരും. മത്സരത്തിൽ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് വേണ്ട സമയത്താണ് ആവേശ് ക്രീസിലെത്തിയത്. ഹർഷലിന് അവസാന പന്ത് എറിയേണ്ടി വന്നപ്പോൾ പന്ത് കണക്റ്റ് ചെയ്യാൻ ആവേശ് ഖാന് ആയില്ലെങ്കിലും ഒരുവിധത്തിൽ ഓടി ഒരു റൺ പൂർത്തിയാക്കി. വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിൻ്റെ കൈയിൽ നിന്ന് പന്ത് വഴുതിയതോടെയാണ് ആവേശിനും ബിഷ്ണോയിക്കും വിജയറൺ പൂർത്തിയാക്കാൻ കഴിഞ്ഞത്. ഹെൽമെറ്റ് ശക്തിയിൽ ഗ്രൗണ്ടിലേക്ക് എറിഞ്ഞ ആവേശ് ഖാൻ വിജയം ആഘോഷിക്കുകയും ചെയ്തു. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ലെവല്‍ ഒന്ന് കുറ്റം ആവേശ് ചെയ്തതായാണ് കണ്ടെത്തല്‍. മാച്ച് റഫറിയുടെ ഈ തീരുമാനം അന്തിമമാണ് എന്ന് ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.