സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് അച്ചു ഉമ്മൻ

  • IndiaGlitz, [Saturday,August 26 2023]

സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക എന്നും നുണ പ്രചാരണത്തിന് ജനം മറുപടി നൽകുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സൈബർ ആക്രമണം നടത്തുന്നതെന്നും മക്കൾക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത് എന്നും അച്ചു ഉമ്മൻ പറഞ്ഞു.

എനിക്ക് പറയാനുള്ള ഒന്നു രണ്ട് വിഷയങ്ങളുണ്ട്. ഇവർ കൊണ്ടുവരുന്ന ഏതെങ്കിലും വിഷയം ആരെങ്കിലും ഒളിക്യാമറ ഓപ്പറേഷനിലൂടെ കണ്ടെത്തിയതാണോ. ഞാൻ തന്നെ കരിയർ ആയിട്ട് തിരഞ്ഞെടുത്ത കണ്ടെന്റ് ക്രിയേഷൻ്റെ ഭാഗമായിട്ട് എൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ ഇപ്പോൾ ചിത്രീകരിച്ചിരിക്കുന്നത്. ഇതു പോലുള്ള കാര്യങ്ങൾ ഉയർത്തിക്കൊണ്ട് വന്ന് ചർച്ച അതിലേക്ക് വഴിതിരിച്ചു വിടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. തൻ്റെ ഉടുപ്പും ചെരിപ്പുമാണോ ഇവിടുത്തെ വിഷയം. ഇവിടെ മറ്റ് കാര്യങ്ങൾ ചർച്ചയായാൽ പലരും പ്രതിക്കൂട്ടിലാകും. പല വിഷയങ്ങളിലും അവർക്ക് മറുപടിയില്ലാതെയാകും. ഒരാളെ ഒരു തരത്തിലും വ്യക്തിപരമായി ആക്ഷേപിക്കാൻ ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയക്കാരൻ ഒരിക്കൽ പോലും നിന്നിട്ടില്ല. യാതൊരു തരത്തിലും സത്യമല്ലാത്ത കാര്യങ്ങൾ ചർച്ചയിൽ വരുത്താനാണ് ശ്രമം. അഴിമതിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സൈബർ ആക്രമണം. ഞങ്ങളതിന് മറുപടി പറഞ്ഞു കൊണ്ടേയിരിക്കണം. ഈ വക ട്രാപ്പിലൊന്നും ഞങ്ങൾ പെടുകയില്ല. നുണ പ്രചാരണത്തിന് ജനം മറുപടി നൽകും. മക്കൾക്കെതിരെയുള്ള വേട്ടയാടലാണ് നടക്കുന്നത്- അച്ചു ഉമ്മൻ പ്രതികരിച്ചു.