ബ്യൂട്ടിഷ്യൻ സുചിത്ര പിള്ള വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
- IndiaGlitz, [Tuesday,May 16 2023]
ബ്യൂട്ടിഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി കത്തിച്ചു മറവു ചെയ്ത കേസിൽ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. മുഖത്തല തൃക്കോവിൽവട്ടം നടുവിലക്കര ശ്രീ വിഹാറിൽ ശിവദാസിൻ്റെ ഏക മകൾ സുചിത്ര പിള്ളയെ (42) പാലക്കാട്ടെ വാടക വീട്ടിൽ കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലാണു പ്രതി സംഗീതാധ്യാപകൻ കോഴിക്കോട് വടകര തൊടുവയൽ വീട്ടിൽ പ്രശാന്ത് നമ്പ്യാരെ (35) കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷിച്ചത്. പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച എല്ലാ കുറ്റകൃത്യങ്ങളും തെളിഞ്ഞതായി കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി റോയി വർഗീസ് വിധിയിൽ ചൂണ്ടിക്കാട്ടി.
2020 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രശാന്ത് നമ്പ്യാര്‍ നേരത്തേ പാലക്കാട്ടെ സ്വകാര്യ സ്കൂളില്‍ സംഗീത അധ്യാപകനായിരുന്നു. പ്രശാന്ത് നമ്പ്യാരുടെ ഭാര്യാവീട്ടുകാരുടെ കുടുംബ സുഹൃത്താണ് അകന്ന ബന്ധു കൂടിയായ സുചിത്ര പിള്ള. സമ്പന്ന കുടുംബത്തില്‍പ്പെട്ട വിവാഹ മോചിതയായ സുചിത്ര പിള്ളയുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രശാന്ത് നമ്പ്യാര്‍ 2.56 ലക്ഷം രൂപയും കൈക്കലാക്കി. കുഞ്ഞിനെ വേണമെന്നു സുചിത്ര പിള്ള വാശി പിടിക്കുന്നതു രഹസ്യബന്ധം പരസ്യമാകുന്നതിനും കുടുംബ ജീവിതം തകരുന്നതിനും കാരണമാകും എന്നു മനസ്സിലാക്കിയാണ് തെളിവില്ലാതെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പാലക്കാട് മണലിയിലെ വാടക വീട്ടിൽ എത്തിച്ച സുചിത്രയെ തല തറയിലിടിച്ചു പരിക്കേൽപ്പിച്ചും കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുക ആയിരുന്നു. കൊലപ്പെടുത്തിയ ശേഷം കാലുകളും പാദങ്ങളും വെട്ടിമാറ്റി. ശരീര ഭാഗങ്ങൾ കുഴിയിലിട്ട് കത്തിച്ച ശേഷം മറവു ചെയ്യുകയായിരുന്നു.