ഉണ്ണി മുകുന്ദനെ പിന്തുണച്ച് അഭിലാഷ് പിള്ള
- IndiaGlitz, [Thursday,January 26 2023]
മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണി മുകുന്ദനും മലപ്പുറത്തെ വ്‌ളോഗറും തമ്മിലുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയായതിനു പിന്നാലെ ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരിക്കഥാകൃത്ത് അഭിലാഷ് പിള്ള. സ്വന്തം കുടുംബത്തെയും, കുടുബം പോലെ ഉണ്ണി കരുതുന്ന മാളികപ്പുറം സിനിമയില്‍ അഭിനയിച്ചവരെയും മോശമായി പറഞ്ഞതിനാണ് ഉണ്ണി പ്രതികരിച്ചതെന്ന് അഭിലാഷ് പറഞ്ഞു. കൂടെയുള്ളവരെ മോശമായി ആരെങ്കിലും സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കുമെന്നും അത് മനുഷ്യസഹചമാണെന്നും അതിനു കാരണം അയാള്‍ക്ക് ബന്ധങ്ങളുടെ വിലയറിയാം, ഇനിയും ഉണ്ണി അങ്ങനെ തന്നെയാകും കാരണം സിനിമയില്‍ മാത്രമേ ഉണ്ണിക്ക് അഭിനയിക്കാന്‍ അറിയൂ ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്നും അഭിലാഷ് പിള്ള വ്യക്തമാക്കി.
30 മിനിറ്റിലേറെ നീണ്ടുനിന്ന വാക്കുതര്‍ക്കത്തിൻ്റെ ഓഡിയോ വ്ലോഗര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ വിശദീകരണ കുറിപ്പ് പങ്കുവെച്ച് ഉണ്ണി മുകുന്ദനും നിലപാട് വ്യക്തമാക്കിയിരുന്നു. യൂട്യൂബ് വ്ളോഗറോട് അപമര്യാദയായി സംസാരിച്ചു എന്ന ആരോപണത്തിൽ ഉണ്ണി മുകുന്ദൻ തൻ്റെ വിശദീകരണം കൊടുത്തിരുന്നു. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകൻ്റെ വിഷമം ആയിട്ടോ അല്ലെങ്കിൽ തൻ്റെ അഹങ്കാരമായോ കാണാമെന്നും വാക്കുകള്‍ കൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരു സിനിമ ചെയ്തുവെന്നും അതിനെ വിമർശിക്കാം എന്നത് കൊണ്ട് തൻ്റെ മാതാപിതാക്കളേയോ ദേവുവിനേയോ പറ്റി അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാൻ പറ്റില്ലെന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഉണ്ണി മുകുന്ദൻ്റെ പ്രതികരണം.