അഞ്ച് വയസ്സുകാരൻ ഓടയിൽ വീണ് ഗുരുതര പരിക്ക്
- IndiaGlitz, [Monday,July 17 2023]
അടൂർ ഹോളി എയ്ഞ്ചൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അടൂർ മണക്കാല, കാഞ്ഞിരവിളയിൽ കലേഷ്, രശ്മി ദമ്പതികളുടെ മകൻ ഋഷികേശിനാണ് ഓടയിൽ വീണ് പരിക്കുപറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഋഷികേഷ് ഇപ്പോൾ 48 മണിക്കൂർ ഒബ്സർവേഷനിൽ കഴിയുകയാണ്. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വന്നശേഷം അച്ഛമ്മയുടെ റോഡരികിലുള്ള കടയിലേക്ക് ഓടി എത്തിയ ഋഷികേശ് അബദ്ധത്തിൽ ഓടയിലേക്ക് വീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായും, കാലിനും കൈയ്ക്കും നിസ്സാരമായും പരിക്കേറ്റ ഋഷികേശിനെ ഇടൻ തന്നെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കു പിന്നിൽ എട്ട് സ്റ്റിച്ചുകളും, വലത്തെ കാൽമുട്ടിനും കൈക്കും ആഴത്തിൽ മുറിവും പറ്റിയിട്ടുണ്ട്. മുൻപും ഋഷികേശ് ഇതേ ഓടയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
രണ്ടു വർഷത്തോളമായി വേണ്ട വിധത്തിൽ മൂടാതെ കിടക്കുന്ന ഓടയാണ് ഈ പ്രദേശത്തുള്ളവരുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. കടക്കു മുൻപിലെ ഓടയ്ക്കു മുകളിൽ സ്ലാബ് അങ്ങ് ഇങ്ങായി മാത്രമായി ഇട്ടിരിക്കുകയാണ്. പുതിയതായി ടാർ ചെയ്ത് റോഡിൻ്റെ ഇരുവശങ്ങളിൽ ഉള്ള ഓടകൾക്കൊന്നും തന്നെ മൂടിയേ ഇല്ല. രാത്രികാലങ്ങളിലും മറ്റും ഇതുവഴി സഞ്ചരിക്കുന്ന കാൽ നടയാത്രക്കാരും ഇരുചക്ര വാഹനക്കാരും പലപ്പോഴും ഓടയിൽ വീണ അപകടം സംഭവിക്കാറുണ്ട്. കടയിലും മറ്റും സാധനം വാങ്ങിക്കാൻ വരുന്ന പ്രായമായവർ സ്ലാബുകൾക്കിടയിലെ വിടവ് ശ്രദ്ധിക്കാതെ പലപ്പോഴും ഓടയ്ക്കുള്ളിൽ അകപ്പെട്ടുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിരവധി പ്രശ്നങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആണ് അടൂർ ഗോപാലകൃഷ്ണൻ റോഡിൻ്റെ ടാറിങ് പൂർത്തിയായത്. ഇനി ഓടകൾക്കു മൂടി വേണം എന്ന ആവശ്യത്തിനായി എത്രനാൾ കാത്തിരിക്കേണ്ടി വരും എന്നാണ് നാട്ടുകാരുടെ ആശങ്ക.