ബുംറക്ക് ആണ്‍ കുഞ്ഞ്; വാർത്ത പങ്കു വച്ച് താരം

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയ്ക്കും ഭാര്യ സഞ്ജനയ്ക്കും ആണ്‍ കുഞ്ഞ് പിറന്നു. അംഗദ് ജസ്പ്രീത് ബുംറ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഈ സന്തോഷ വാർത്ത ബുംറ തന്നെ തിങ്കളാഴ്ച തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തു വന്നു.

ഏഷ്യാ കപ്പ് ടൂർണമെന്റിനായി ശ്രീലങ്കയിലായിരുന്ന ബുംറ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നേപ്പാളിനെതിരേ ഇന്ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കില്ല. സൂപ്പർ ഫോർ മത്സരങ്ങൾക്കായി ബുംറ തിരിച്ചെത്തും. ബുംറയ്ക്ക് പകരം നേപ്പാളിനെതിരേ മുഹമ്മദ് ഷമി കളിക്കും. പാകിസ്ഥാനെതിരായ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. അതിനാല്‍ സൂപ്പര്‍ ഫോറിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിക്കണം. അടുത്ത കാലത്താണ് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തിരുന്ന അദ്ദേഹം അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ ക്യാപറ്റനായി തിരിച്ചെത്തുകയായിരുന്നു.