മന്ത്രി ആർ.ബിന്ദുവിന് കണ്ണട വാങ്ങാൻ അനുവദിച്ചത് 30,500 രൂപ; പ്രതികരിക്കാതെ മന്ത്രി
- IndiaGlitz, [Monday,November 06 2023]
പൊതു ഖജനാവിൽ നിന്ന് 30,500 രൂപ അനുവദിച്ചതിനോട് പ്രതികരിക്കാതെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കെയാണ് ഇത്രയും തുക കണ്ണടയ്ക്ക് അനുവദിച്ചതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയുണ്ട്. പണം അനുവദിച്ചു കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തുക ലഭിക്കുന്നത് വേഗത്തിലാക്കിയത് എന്നാണ് വിവരം.
ഡോക്ടറുടെ ഉപദേശമനുസരിച്ചാണ് മന്ത്രി കണ്ണട വാങ്ങിയതെന്നും റീ-ഇംപേഴ്സ്മെന്റ് എന്ന നിലയിലാണ് തുക അനുവദിച്ചിട്ടുള്ളത് എന്നുമാണ് ഔദ്യോഗിക വിശദീകരണം. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി അർഹിക്കുന്നില്ല എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മന്ത്രിയുടെ മറുപടി. കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ വിഷയം ഉന്നയിച്ചത്. മന്ത്രി കണ്ണട വാങ്ങിയത് ചർച്ചയാക്കുന്നത് ദുരുദ്ദേശ്യത്തോടെയെന്ന് സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി ബിന്ദു തയ്യാറാകാതിരുന്നതും വിമർശനത്തിന് കാരണമായി. കഴിഞ്ഞ മന്ത്രി സഭയില്‍ ആരോഗ്യ മന്ത്രി ആയിരുന്ന കെ കെ ശൈലജ 29,000 രൂപയ്ക്കാണ് കണ്ണട വാങ്ങിയത്. സ്പീക്കർ ആയിരുന്നപ്പോൾ പി ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങാൻ 49,900 രൂപ ചെലവഴിച്ചത് വിവാദം ആയിരുന്നു.