പുലിമുരുകനെ മറികടന്ന് '2018'
- IndiaGlitz, [Tuesday,May 23 2023]
മലയാള സിനിമയുടെ മുദ്ര പതിപ്പിച്ച '2018 Everyone Is A Hero' വമ്പൻ ഹിറ്റോടു കൂടി തിയറ്ററുകളിൽ വിജയഗാഥ തുടരുകയാണ്. സിനിമ റിലീസ് ചെയ്ത് പതിനേഴ് ദിനങ്ങൾ പിന്നിടുമ്പോൾ 137.6 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ബോക്സോഫീസ് കളക്ഷനിൽ മുൻപന്തിയിൽ നിന്നിരുന്ന പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളെ ഒറ്റയടിക്ക് പിൻതള്ളി കൊണ്ടാണ് ജൂഡ് ആന്റെണി ജോസഫിൻ്റെ 2018 Everyone Is A Hero ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. മലയാള സിനിമ ഇന്റസ്ട്രിയിൽ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രമിപ്പോൾ. കേരളീയർക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വർഷവും ആ വർഷത്തിൽ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകർക്ക് മുന്നിൽ ഒരു നേർക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളികളുടെ മനോ ധൈര്യത്തിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃഷ്യാവിഷ്ക്കരിച്ചിരിക്കുന്നത്.
ബോക്സോഫീസിൽ മൂന്നാം ആഴ്ചയിൽ കേരളത്തിൽ നിന്നു മാത്രം 10.75 കോടിയാണ് ചിത്രം നേടിയത്. മൂന്നാം ആഴ്ചയിൽ ആദ്യത്തെ ആഴ്ചയിൽ നിന്നും 17 ശതമാനം കൂടുതലാണ് ചിത്രത്തിൻ്റെ കളക്ഷൻ. കേരളത്തിൽ നിന്നു മാത്രം ചിത്രം 65 കോടിയും, റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 9 കോടിയും നേടിയപ്പോൾ ഓവർസീസ് കളക്ഷൻ 8 മില്ലിയൻ യു എസ് ഡോളറാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെ അണിനിരത്തി ഒരുക്കിയ '2018 Everyone Is A Hero' മെയ് 5 നാണ് തീയറ്റർ റിലീസ് ചെയ്തത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.