1744 വൈറ്റ് ആൾട്ടോ 2023 ജനുവരിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ

സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിൽ ഷറഫുദീൻ, വിൻസി, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ എന്നിവർ അഭിനയിച്ച ക്രൈം കോമഡിയായ 1744 വൈറ്റ് ആൾട്ടോ 2023 ജനുവരിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ റോട്ടർഡാമിൽ അന്താരാഷ്ട്ര പ്രീമിയറിന് ഒരുങ്ങുകയാണ്. സുപ്രസിദ്ധമായ ഹാർബർ പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് 1744 വൈറ്റ് ആൾട്ടോ തിരഞ്ഞെടുത്തിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നുള്ള പുതിയ പ്രൊഡക്ഷൻ ഹൗസായ കബിനി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

1744 വൈറ്റ് ആൾട്ടോ 2022 നവംബർ 18ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. മികച്ച മേക്കിങ് മുഖേന ഏറെ വ്യത്യസ്തത പുലർത്തിയ സിനിമയെന്ന പേരിൽ ചിത്രത്തിന് വളരെ അതികം നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടാൻ കഴിഞ്ഞിരുന്നു.

ചെറുകിട തട്ടിപ്പുകാരുടെ ഇടയിൽ നടക്കുന്ന രസകരവും ഭയാനകവുംമായ സംഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു സുസുക്കി ആൾട്ടോ കാറാണ് പ്രധാന കഥാപാത്രം. കേരളത്തിലെവിടെയോ ഒരു സാങ്കൽപ്പിക ലൊക്കേഷനിലാണ് ചിത്രം സജ്ജീകരിച്ചിരിക്കുന്നത്. വൈൽഡ് വെസ്റ്റിനെ ഓർമ്മിപ്പിക്കുന്ന ലാൻഡ്സ്കേപ്പുകൾ, സാമൂഹിക കാപട്യങ്ങൾ പുറത്ത് കൊണ്ടുവരുന്ന കഥാപാത്രങ്ങൾ, മികച്ച ഓഡിയോ-വിഷ്വൽ ട്രീറ്റ്മെന്റ് എന്നിവ സിനിമയിലുണ്ട്. ചിലർ ഇതിനെ ബൗദ്ധികമായ ഡാർക്ക് കോമഡി എന്ന് വിളിക്കുകയും മലയാളത്തിന് ഇതൊരു പുതിയ ബെഞ്ച്മാർക്കാണെന്ന് സൂചിപ്പിക്കുകയും ചെയ്തു.

കാൻ, വെനീസ്, ബെർലിൻ, ലൊകാർനോ തുടങ്ങിയ മറ്റ് പ്രധാന യൂറോപ്യൻ ഫെസ്റ്റിവലുകളുമായി താരതമ്യപ്പെടുത്താവുന്നതാണ് റോട്ടർഡാം. തുടക്കം മുതൽ, നൂതനവും വ്യത്യസ്തവുമായ സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് റോട്ടർഡാം. റോട്ടർഡാം ചലച്ചിത്രോത്സവത്തിൻ്റെ വ്യത്യസ്തത തുറന്നു കാട്ടുന്ന ഒന്നാണ് ഹാർബർ. സംഘാടകർ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന വൈവിധ്യമാർന്നതും ഗുണനിലവാരമുള്ളതുമായ സിനിമകളുടെ അടിസ്ഥാനമാണിത്.