തെരുവുനായ ആക്രമണത്തില്‍ മരിച്ച നിഹാലിൻ്റെ കുടുംബത്തിന് 10 ലക്ഷം അനുവദിക്കും
- IndiaGlitz, [Wednesday,June 28 2023]
തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിഹാലിൻ്റെ പ്രവാസിയായ പിതാവ് ജോലിസ്ഥലത്തു നിന്നും നാട്ടിലേക്ക് വന്നിരിക്കുകയാണ്. സാധാരണകുടുംബത്തിലെ അംഗമാണ് നിഹാല്‍. പിതാവിൻ്റെ വരുമാനം കൊണ്ടു മാത്രമാണ് ഇവര്‍ ഉപജീവനം ചെയ്തിരുന്നത്. മകൻ്റെ മരണത്തിനു ശേഷം മാനസികമായി തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം.
ഈ മാസം പതിനൊന്നിനാണ് നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ മണിക്കൂറുകളുടെ തെരച്ചിലിനൊടുവിൽ ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ തല മുതൽ കാൽപ്പാദം വരെ നിരവധി മുറിവുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു. ഓട്ടിസം ബാധിച്ച നിഹാലിനെ സംഭവദിവസം വൈകുന്നേരം അഞ്ചു മണിയോടെ ആണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മരണവിവരം പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് സ്ഥലത്താകെ ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു. ഇതുവരെ മുപ്പതോളം തെരുവുനായ്ക്കളെയാണ് ഇവിടെ നിന്നും പിടികൂടി പടിയൂരിലെ എബിസി വന്ധ്യംകരണ കേന്ദ്രത്തിലേക്ക് മാറ്റിയത്.